
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളിലും മുല്ലപ്പൂ കൃഷി വ്യാപിപ്പിക്കുന്നു. സ്ഥലം ഒരുക്കൽ, പരിപാലനം ഉൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ 16 വാർഡുകളിലും 15 സെന്റ് സ്ഥലത്ത് 20 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് മുല്ലപ്പൂ കൃഷി ആരംഭിച്ചിരിക്കുന്നത്. അംഗങ്ങളുടെ സ്വന്തം സ്ഥലവും ഒഴിഞ്ഞ പറമ്പുകളുമാണ് കൃഷിസ്ഥലമാക്കി മാറ്റിയിരിക്കുന്നത്.
സ്ഥലമൊരുക്കലും പരിപാലവും ഉൾപ്പെടെ 800 തൊഴിൽ ദിനങ്ങൾ പദ്ധതിയിലൂടെ ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല പറഞ്ഞു. പദ്ധതി വിജയമായാൽ മുല്ലപ്പൂ സംഭരണത്തിനും വിതരണത്തിനുമുള്ള സാദ്ധ്യതകൾ പരിശോധിക്കും.