a
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍പില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമര പരുപാടി എം.എസ്.അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിൽ ഇരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത നിഷ്‌ക്രി​യ ഭരണ സമിതി രാജിവച്ചൊഴിയണമെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. തഴക്കര ശാഖയിലെ തട്ടിപ്പിന് ശേഷം അഞ്ച് വർഷം പിന്നിട്ടിട്ടും നിക്ഷേപകർക്ക് നീതി ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അൻപത് കോടി രൂപയ്ക്ക് മുകളിൽ നടന്ന തട്ടിപ്പിൽ നിക്ഷേപകർക്ക് പണം ഈടാക്കി തിരികെ നൽകാൻ സാധിക്കാത്തത് ഭരണ സമിതിയുടെ വൻ വീഴ്ചയാണ്. ഭരണ സമിതി രാജിവച്ചൊഴിയുകയാണെങ്കിൽ സർക്കാർ നിക്ഷേപകർക്ക് നീതി ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അരുൺകുമാർ ഉറപ്പുനൽകി. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. എം.വിനയൻ, വി.ജി.രവീന്ദ്രൻ, റ്റി.കെ.പ്രഭാകരൻനായർ, തുളസീധരൻ, ശ്രീവത്സൻ, രാധാകൃഷ്ണപിള്ള, രമ, ശോഭ ഹരികുമാർ എന്നിവർ സംസാരിച്ചു.

ഭരണസമിതി രാജിവെച്ചൊഴിയുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുമെന്ന് നിക്ഷേപക സംഘടനാ ഭാരവാഹികൾ അറിയിച്ചു.