മാവേലിക്കര: കൊവിഡ് മൂലം മുടങ്ങിയ കഥകളി അവതരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര പടിഞ്ഞാറേനട എ.ആർ. സ്മാരകത്തിൽ കഥകളി അവതരണം നടന്നു. കിർമ്മീരവധം കഥയിലെ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ലളിത-പാഞ്ചാലി രംഗം മാത്രമാണ് അവതരിപ്പിച്ചത്. കേരള കലാമണ്ഡലം അവാർഡ് ജേതാക്കളായ മാർഗി വിജയകുമാറിനെയും കലാമണ്ഡലം അച്യുതവാര്യരെയും പൊന്നാട അണിയിച്ചു ആദരിച്ചു. കഥകളി ആസ്വാദകസംഘം പ്രസിഡന്റ് ജെ.ഗോപകുമാർ, സെക്രട്ടറി പ്രൊഫ.ആർ.ആർ.സി.വർമ്മ, ട്രഷറർ പി.കെ.സഹദേവൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഏവൂർ കണ്ണമ്പള്ളിൽ കഥകളിയോഗം അവതരിപ്പിച്ച കഥകളിയിൽ ലളിതയായി മാർഗി വിജയകുമാർ, പാഞ്ചാലിയായി കലാമണ്ഡലം ജിഷ്ണു രവി എന്നിവർ വേഷമിട്ടു. പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ പാട്ടും കലാമണ്ഡലം ശ്രീകാന്ത് വർമ്മ ചെണ്ടയും കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും അവതരിപ്പിച്ചു.