കൊച്ചി: മരണവീട്ടിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച് വീട്ടുപടിക്കൽ തള്ളിയ സംഭവത്തിൽ കാറടക്കം പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി തമ്മനം ഫൈസലിനെയും ആലുവ സ്വദേശി സുബ്രാജിനെയും കസ്റ്റഡിയിൽ വാങ്ങി ഇന്നലെ തെളിവെടുത്തു. രാവിലെ അങ്കമാലി പുളിയനത്തും ചെലവന്നൂരിലും എത്തിച്ചാണ് തെളിവെടുത്തത്. മർദ്ദിക്കാൻ ഉപയോഗിച്ച ഇരുമ്പുവടിയും പെപ്പർസ്പ്രേയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര ഉമ്പർനാട് വീട്ടിൽ ആന്റണി ജോണിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കൂട്ടുപ്രതികളായ ചളിക്കവട്ടം സ്വദേശികളായ സുന്ദരൻ, അനൂപ് എന്നിവർ നേരത്തെ കീഴടങ്ങിയിരുന്നു. കഴിഞ്ഞമാസം 11ന് രാത്രി 9.30നാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിന് വഴിവച്ചത്. ആന്റണി നിരവധിക്കേസുകളിലെ പ്രതിയാണ്.