
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിലെത്തുന്ന രോഗികൾ ഇരിക്കാനിടമില്ലാതെ വിഷമിക്കുന്നു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന പരാതിക്കിടെയാണ് അസൗകര്യങ്ങളും രോഗികളെ അലട്ടുന്നത്. അന്യജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്. സ്ഥലപരിമിതി മൂലം വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യം.