
ആലപ്പുഴ: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് കേക്ക് വിപണിയിലും ആരംഭിച്ചു. ബേക്കറികളേക്കാൾ ഇത്തവണ ഹോം മേക്കർമാരായ വനിതകൾക്കാണ് കൂടുതൽ ഓർഡർ ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ വീട്ടിൽ കേക്ക് നിർമ്മാണം ആരംഭിച്ചവരാണ് ഭൂരിപക്ഷവും.
യുട്യൂബായിരുന്നു കേക്ക് നിർമ്മാണ പഠനത്തിലെ ഗുരു. കൗതുകത്തിന് കേക്കുണ്ടാക്കിയ പലരും പിന്നീട് വിപണി സാദ്ധ്യത മനസിലാക്കി വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കിത്തുടങ്ങി. വീടുകളിലെ മായങ്ങൾ ചേർക്കാത്ത കേക്കുകൾക്ക് വിശ്വാസ്യത വർദ്ധിച്ചതോടെ ആവശ്യക്കാരും കൂടി.
ഇങ്ങനെയാണ് വിപണിയിലേക്ക് ഹോം മേഡ് കേക്കുകൾ എത്തിത്തുടങ്ങിയത്. പ്രിസർവേറ്റീവ്സ് ഇല്ലാതെ നിർമ്മിക്കുന്ന കേക്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. പ്ലം കേക്ക് മുതൽ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബ്ലൂ ബെറി, ബ്ലാക്ക് ബെറി, വാനില, സ്‌ട്രോബറി, പിസ്‌ത, ചോക്ലേറ്റ്, റെഡ് വെൽവെറ്റ് തുടങ്ങി വിവിധയിനം കേക്കുകൾ മണിക്കൂറുകൾക്കുള്ളിൽ തയ്യാറാക്കി നൽകും. മൈദ, മുട്ട, പഞ്ചസാര, ബേക്കിംഗ് പൗഡർ, സൺഫ്ലവർ ഓയിൽ, പാൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം. ഹോം മേഡ് കേക്ക് നിർമ്മാണത്തിന് ഫുഡ് ആൻഡ് സേഫ്‌ടി ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്.
ഹോംമേഡിന് ആവശ്യക്കാരേറെ
1. നിർമ്മിച്ച് നൽകുന്നത് വൈവിദ്ധ്യമുള്ള കേക്കുകൾ
2. വൈറ്റ് - റെഡ് - ബ്ളാക്ക് ഫോറസ്റ്റ് മുതൽ റെയിൻബോ കേക്കുകൾ വരെ ലഭ്യം
3. ചോക്ലേറ്റ്, ഡോൾ, ഓറിയോ, കിറ്റ്ക്യാറ്റ് കേക്കുകൾക്കും ആവശ്യക്കാർ
4. വിവിധ ഡിസൈനുകളിൽ കേക്ക് നിർമ്മിച്ച് നൽകും
5. ചിത്രങ്ങളും വരച്ച് നൽകാൻ പലരും പഠിച്ചു
വില: ₹ 400 - 1000 രൂപ
""
ക്രിസ്മസ് അടുത്തതോടെ പ്ലം കേക്കിനുള്ള മുൻകൂർ ഓർഡറുകൾ ലഭിച്ചുതുടങ്ങി. കേക്കിൽ കൂടുതൽപ്പേരും ഡിസൈനിലെ വ്യത്യസ്തതയും ആവശ്യപ്പെടാറുണ്ട്.
സിമി, ഹോം കേക്ക് മേക്കർ