ആലപ്പുഴ: വൃശ്ചിക വേലിയേറ്റത്തിൽ പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് ഉപ്പുവെള്ളം കയറുന്നതിനാൽ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിൽ പുഞ്ചകൃഷിയിൽ നിന്ന് കർഷകർ പിൻമാറുന്നു. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ നാല് പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞൊഴുകി വിതയ്ക്കായി പാകപ്പെടുത്തിയ നിലം മുങ്ങിയിരുന്നു.
ജലാശയങ്ങളിലെ ഉപ്പിന്റെ സാന്ദ്രത കൂടുന്നതിനാലാണ് വിളവിറക്കാൻ കർഷകർ മടിക്കുന്നത്. മുൻ വർഷങ്ങളിൽ വൃശ്ചികമാസത്തിന്റെ രണ്ടാം പകുതിയിലാണ് വേലിയേറ്റം ശക്തമാകാറുള്ളത്. ഇത്തവണ വൃശ്ചികമാസം തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പേ വലിയതോതിലുള്ള വേലിയേറ്റം അനുഭവപ്പെട്ടു. നവംബറിൽ 20,000 ഹെക്ടറിൽ വിത പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്നലെ വരെ 45പാടശേഖരങ്ങളിലായി 5,000 ഹെക്ടറിൽ മാത്രമാണ് പുഞ്ചകൃഷിക്ക് വിതയ്ക്കാനായത്. തോട്ടപ്പള്ളി, തണ്ണീർമുക്കം, കായംകുളം പൊഴി എന്നിവിടങ്ങളിലൂടെയാണ് ഉപ്പുവെള്ളം കയറുന്നത്. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ താഴ്ത്താനുള്ള നടപടികൾ ആരംഭിച്ചു.
"ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടവും കൃഷിവകുപ്പും കൈക്കൊള്ളണം. തോട്ടപ്പള്ളി സ്പിൽവേയിലെ മുഴുവൻ ഷട്ടറുകളും താഴ്ത്താനുള്ള നടപടി സ്വീകരിക്കണം.-സൈജു, കർഷകൻ, നാലുചിറ