elambanam
പോളയും മാലിന്യങ്ങളും നിറഞ്ഞ ഇലമ്പനം തോട്

മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയിലുൾപ്പെട്ട മാന്നാർ കുരട്ടിശേരി പ്രദേശത്തെ ആയിരത്തഞ്ഞൂറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിൽ നെൽകൃഷിക്കായി നിലമൊരുക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. മാന്നാർ പഞ്ചായത്തിലെ 1 2 3 വാർഡുകളിലൂടെ കടന്നു പോകുന്ന ഇലമ്പനംതോട്ടി​ൽ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതാണ് കാരണം. വെള്ളം നിറഞ്ഞ പാടശേഖരങ്ങളിൽ നിന്നും വെള്ളംഒഴുക്കിവിടാൻ കൊടവള്ളാരി എ, കൊടവള്ളാരി ബി, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ്, കണ്ടങ്കേരി, വേഴത്താർ,നാലുതോട്,അരിയോടിച്ചാൽ തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഇലമ്പനം തോടിനെയാണ്. തുടരെയുണ്ടാകുന്ന വെള്ളപ്പൊക്കംമൂലം പമ്പാനദിയിൽനിന്നും ഒഴുകിയെത്തുന്ന എക്കൽമണ്ണും ചെളിയും, ഒപ്പം പോളയുംപായലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതിനാൽ പാടശേഖരങ്ങളിലെ ജലനിരപ്പ് കുറയാതെ നിൽക്കുകയാണ്.
മാന്നാർ, വീയപുരം പഞ്ചായത്ത് അതിർത്തിയായ വള്ളക്കാലിയിൽ പമ്പാനദിയിൽ നിന്നും ആരംഭിച്ച് മാന്നാർ പഞ്ചായത്തിലെ മൂർത്തിട്ടയിൽ അവസാനിക്കുന്ന ഇലമ്പനം തോടിനു അഞ്ച് കി.മി നീളവും മുപ്പത്തിരണ്ടര മീറ്റർ വീതിയുമാണുണ്ടായിരുന്നത്. ആഴവും വീതിയും കുറഞ്ഞു വരുന്ന ഇലമ്പനംതോട് മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകളുടെയും മറ്റും ആവാസ സ്ഥലമായി മാറിയിട്ടുണ്ട്. തോടിന്റെ സമീപത്തായി താമസിക്കുന്ന നൂറോളം കുടുംബങ്ങൾ പകർച്ച വ്യാധി ഭീഷണിയിലുമാണ്. ഇലമ്പനം തോട്ടിലെ പായൽ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ആയിരുന്നു പത്ത് വർഷം മുമ്പ് വരെ ചെയ്തിരുന്നത്. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി അതും നിലച്ചിരിക്കുകയാണ്.

ഇലമ്പനം തോടിന്റെ വീതിയും ആഴവും കൂട്ടി കാർഷിക മേഖലയുടെ ഉന്നമനത്തിനായി പഞ്ചായത്തിന്റെ നേതൃതത്തിൽ വർഷങ്ങൾക്ക്മുമ്പ് പദ്ധതി തയ്യാറാക്കി മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർക്കു സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

........................................

തോടിന്റെ ശുചികരണങ്ങൾക്കായി നടപടി പൂർത്തിയായിട്ടുണ്ട്. പ്രവർത്തികൾ ഉടനെ ആരംഭിക്കും.

സലീന നൗഷാദ്, മൂന്നാം വാർഡ് മെമ്പർ

..................................

പായലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം തോടിന്റെ ആഴം കൂട്ടുന്ന പ്രവർത്തികളും ചെയ്തെങ്കിലേ കർഷകർക്ക് പ്രയോജനം ലഭിക്കുകയുള്ളൂ.

ബിജു ഇഖ്ബാൽ, വേഴത്താർ പാടശേഖര സമിതി സെക്രട്ടറി,

മദൻമോഹൻ ജി. പിള്ള, സംയുക്ത പാടശേഖര സമിതി സെക്രട്ടറി