paddy

ആലപ്പുഴ: കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും കാരണം കുട്ടനാട്ടിൽ പുഞ്ചകൃഷി താളംതെറ്റി. നേരത്തെ കുട്ടനാട്ടിൽ കാർഷിക കലണ്ടർ അനുസരിച്ചാണ് കൃഷിയിറക്കിയിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം എല്ലാം തകിടംമറിച്ചു.

നിശ്ചിത സമയത്ത് വിത നടക്കാതെ വന്നതോടെ കർഷകർ ആശങ്കയിലാണ്. ഒക്ടോബർ 15 ഓടെ ആരംഭിക്കുന്ന പുഞ്ചകൃഷി ഫെബ്രുവരി പകുതിയോടെ വിളവെടുക്കുകയാണ് പതിവ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ഭൂരിഭാഗം പാടങ്ങളിലും വിതയ്ക്കാനായില്ല. കൊയ്ത്ത് പൂർത്തിയാക്കി നിലമൊരുക്കി ഈ മാസം അവസാനമോ, അടുത്തമാസം ആദ്യമോ മാത്രമേ വിത്തിറക്കാനാവൂ. അങ്ങനെയെങ്കിൽ വിളവെടുപ്പ് ഏപ്രിലിലേക്ക് നീളും. മാർച്ച് പത്തിന് ശേഷം വേനൽ മഴ ആരംഭിക്കുന്നതോടെ പുഞ്ചകൃഷി വിളവെടുപ്പ് മഴയിൽ മുങ്ങും.

വെള്ളപ്പൊക്കത്തെ തുടർന്ന് ഇപ്പോൾ പമ്പിംഗ് ഉൾപ്പെടെയുള്ള ജോലികൾ രണ്ടാമതും ആരംഭിക്കേണ്ട ബുദ്ധിമുട്ടിലാണ് കർഷകർ. ഇതിനെല്ലാം വലിയ തുക ചെലവാകും. സാമ്പത്തിക പ്രതിസന്ധിയും കർഷകരെ അലട്ടുന്നുണ്ട്. പ്രവചനങ്ങൾക്കപ്പുറത്തേക്ക് കാലാവസ്ഥ മാറിയതാണ് കർഷകരെ കണ്ണീരിൽ മുക്കുന്നത്.

കാലാവസ്ഥ മാറിയത് കണക്കുകൾ തെറ്റിച്ചു

1. കാലാവസ്ഥ കണക്കിലെടുത്ത് വിളവെടുപ്പ് നേരത്തേയാക്കുന്ന രീതിയിലാണ് കലണ്ടർ

2. മാർച്ച് 31ന് മുമ്പ് കൊയ്ത്ത് കഴിയും വിധമാണ് സമയക്രമം

3. ഏപ്രിലിലെ വേനൽമഴയിൽ കൃഷി നശിക്കുന്നത് ഒഴിവാക്കാനാണിത്

4. കുട്ടനാടിനെ ആറ് മേഖലകളാക്കി തിരിച്ചാണ് കലണ്ടർ തയ്യാറാക്കിയത്

5. ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്,​ വടക്കൻ കുട്ടനാട്, വൈക്കം കരി,​ പുറക്കാട് കരി,​ കായൽ നിലങ്ങൾ എന്ന ക്രമത്തിൽ

6. അപ്പർ കുട്ടനാട്ടിൽ ഏറ്റവും അവസാനം കൊയ്യുന്ന രീതിയാണുള്ളത്

7. കൊയ്ത്ത് ഏപ്രിൽ 15നപ്പുറം പോകുന്നത് ഗുണകരമല്ല

8. എല്ലാ മേഖലയിലും ചുരുങ്ങിയത് 15 ദിവസം അധികമായി അനുവദിച്ചിട്ടുണ്ട്

9. പുഞ്ചക്കൃഷി ആരംഭിക്കുന്നത് ഒക്ടോബറിൽ

കുട്ടനാട്ടിലെ പാടശേഖരങ്ങൾ: 1,​270

പഠനവിധേയമാക്കിയ വയലുകൾ: 990

ഗവേഷകർ: കുട്ടനാട് അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം

പ്രധാനം പുഞ്ചകൃഷി

കുട്ടനാട്ടിൽ പ്രധാനം പുഞ്ചകൃഷിയാണ്. തുലാമാസം അവസാനം വിതച്ച് മാർച്ചിൽ കൊയ്ത്ത് പൂർത്തിയാക്കുന്നതാണ് രീതി. തുലാമാസം 30 മുതൽ വൃശ്ചികം 15നുള്ളിലാണ് വിതയിറക്കുക. പല പാടങ്ങളിലും നിലം ഒരുക്കിയെങ്കിലും ഒക്ടോബറിലെ അപ്രതീക്ഷിത മഴയിൽ കുട്ടനാട് വെള്ളത്തിലായി. മട വീണും വെള്ളം കവിഞ്ഞുകയറിയും പാടങ്ങൾ മുങ്ങി. നിലം വീണ്ടുമൊരുക്കാൻ ഇനിയും സമയമെടുക്കും.

""

പുഞ്ചകൃഷി വൈകിയ സാഹചര്യത്തിൽ 120 ദിവസം മൂപ്പുള്ള ഡി വൺ നെൽവിത്ത് ഒഴിവാക്കി 90 ദിവസം കൊണ്ട് വിളവെടുക്കുന്ന മനുരത്‌ന പോലുള്ള വിത്തുകൾ ലഭ്യമാക്കണം. ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പുതിയ പമ്പിംഗ് സംവിധാനം ഏർപ്പെടുത്തണം.

സുനിൽകുമാർ, കർഷകർ