ആലപ്പുഴ : ചിറപ്പ്, ക്രിസ്മസ് ആഘോഷങ്ങൾ എത്തും മുമ്പേ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. തിരുവമ്പാടി ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി ജംഗ്ഷൻ വരെയും ജില്ലാ കോടതി പാലത്തിലുമാണ് രൂക്ഷമായ ഗതാഗതകുരുക്കനുഭവപ്പെടുന്നത് ജനറൽ ആശുപത്രി ജംഗ്ഷനിൽ പലപ്പോഴും സിഗ്നൽ ലൈറ്റ് മിഴി അടയ്ക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നു.
പുന്നമട, മണ്ണഞ്ചേരി, തണ്ണീർമുക്കം എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നഗരത്തിലേയ്ക്കു കടക്കുന്നത് ജില്ലാ കോടതിപ്പാലം വഴിയാണ്. അതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ യാത്രക്കാർ മണിക്കൂറുകളോളം കാത്തു കിടക്കേണ്ടി വരും. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പുന്നമടയിലേയ്ക്ക് സ്വദേശി,വിദേശി സഞ്ചാരികൾക്ക് പോകണമെങ്കിലും ജില്ലാ കോടതി പാലത്തിലെ കുരുക്ക് മറികടക്കണം.
. ആളുകളുടേയും വാഹനങ്ങളുടേയും തിരക്കിനൊപ്പം വഴിയോരക്കച്ചവടം കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
ഗതാഗത കുരുക്കിന് പിന്നിൽ
1.റോഡ് കൈയേറ്റവും അനധികൃത പാർക്കിംഗും
2.മുല്ലയ്ക്കൽ ഭാഗത്ത് പാർക്കിംഗിന് സ്ഥലമില്ല
3.കടകൾക്ക് മുന്നിലെ പാർക്കിംഗ് തർക്കത്തിനിടയാക്കും
4.ട്രാഫിക് നിയന്ത്രണത്തിന് പൊലീസിന്റെ കുറവ്