 
ആലപ്പുഴ: പൊട്ടിയ ശുദ്ധജല പൈപ്പ് നന്നാക്കാതെ നടത്തിയ ടാറിംഗ് ഒലിച്ചുപോയി. കൈചൂണ്ടി - കൊമ്മാടി റോഡിലാണ് സംഭവം. നാലുമാസം മുമ്പാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് വാട്ടർ അതോറിറ്റിക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം റോഡ് നന്നാക്കാനെത്തിയ കരാറുകാരനെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാതെ ടാറിംഗ് പൂർത്തീകരിക്കുകയായിരുന്നു.
ടാറിംഗ് നടക്കുമ്പോൾ തകഴിയിൽ ആലപ്പുഴ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനാൽ പമ്പിംഗ് നേരിയ തോതിലായിരുന്നു. തകഴിയിലെ തകരാർ പരിഹരിച്ച് പമ്പിംഗ് ശക്തമാക്കിയതോടെ പൊട്ടിയ കുഴലിലൂടെ ജലം പുറത്തേക്ക് ചീറ്റിയാണ് റോഡ് വീണ്ടും തകർന്നത്. ഇപ്പോൾ ഇതുവഴി ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
"
അടിയന്തരമായി പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ച് റോഡിന്റെ തകർന്ന ഭാഗം പുനർനിർമ്മിക്കണം.
സന്തോഷ്, പ്രദേശവാസി