anjana
അഞ്ജനാ ഗോപി

മാന്നാർ: അഞ്ജന, ആർദ്ര, നി​ഹ ... ഈ പെൺ​കുഞ്ഞുങ്ങളുടെ മജ്ജമാറ്റി​വയ്ക്കൽ ശസ്ത്രക്രി​യ നടത്തുവാനുള്ള തുക കണ്ടെത്തുന്നതി​നായുള്ള തീവ്രശ്രമത്തി​ലാണ് ഒരു നാടു മുഴുവൻ.

മാന്നാർ കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച്ഗിയർ ഡിവിഷൻ മുട്ടേൽ ഒമ്പതാം വാർഡിൽ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻസരസ്വതി ദമ്പതികളുടെ മക്കളായ അഞ്ജനാ ഗോപി(18), ആർദ്ര.ജി (13), ഹോമിയോ ആശുപത്രി16ാം വാർഡിൽ കുട്ടംപേരൂർ കുന്നുതറയിൽ രതീഷ് -വിദ്യാ ദമ്പതികളുടെ മകൾ നിഹ (9) എന്നി​വർ 'ഫാൻ കോണി അനീമിയ' എന്ന മാരക രോഗം മൂലം ജീവൻതന്നെ അപകടത്തി​ലായ അവസ്ഥയി​ലാണ്. ശസ്ത്രക്രിയക്കാവശ്യമായ പണം സമാഹരി​ക്കുന്നതി​നായി​ ശനി,ഞായർ ദിവസങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുവാനാണ് തീരുമാനം.

പ്ലസ് ടു വരെ പഠിച്ചിട്ടുള്ള അഞ്ജനാ ഗോപി നാല് വർഷത്തോളം വെല്ലൂർ സി.എം.സിയിലെ ചികിത്സയിലായിരുന്നു. അനുജത്തിയുടെ മജ്ജ എടുത്ത് വയ്ക്കാനായി ടെസ്റ്റ് നടത്തിയപ്പോഴാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആർദ്രക്കും ഇതേ രോഗം ആണെന്ന് അറിഞ്ഞത്. ഇരുവരുടെയും ചികിത്സ ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൂലിപ്പണി ചെയ്ത് നിത്യവൃത്തി കഴിയുന്ന ഗോപിക്കുട്ടനും കുടുംബവും രണ്ടു മക്കളുടെയും ചികിത്സാ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന നിഹയ്ക്ക് രണ്ടു വർഷംമുമ്പ് ആസ്റ്റർമിംസ് ആശുപത്രിയിൽ വച്ചാണ് രോഗം കണ്ടെത്തിയത്. പെട്ടി ഓട്ടോ ഡ്രൈവറായ രതീഷും കുടുംബവും മകളുടെ ചികിത്സക്കായി ആശുപത്രി കയറി ഇറങ്ങുന്നതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. ധനസമാഹരണം നടത്തുവാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗമാണ് തീരുമാനി​ച്ചത്. ശനി, ഞായർ ദിവസങ്ങളിൽ വാർഡ് മെമ്പർമാർ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, സർവകക്ഷി പ്രവർത്തകർ എന്നിവർ ചേർന്നു മൂന്നു പെൺ​കുട്ടികൾക്കായും നടത്തുന്ന ധനസമാഹരണത്തിനു മുഴുവൻപേരും പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് ചികിത്സാ സഹായസമിതി ചെയർപേഴ്സണും പഞ്ചായത്ത് പ്രസിഡന്റുമായ റ്റി.വി രത്നകുമാരി, കൺവീനർമാരായ ഗ്രാമ പഞ്ചായത്തംഗങ്ങൾ മധു.കെ, വി.ആർ ശിവപ്രസാദ് എന്നിവർ അഭ്യർത്ഥിച്ചു.