 
മാന്നാർ : കൊവിഡ് 19 വക ഭേദമായ അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ചതോടെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ആഹ്വാനവുമായി പോസ്റ്ററുകളും സ്റ്റിക്കറുകളും തയ്യാറാക്കി മാന്നാർ യു.ഐ.ടിയിലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. യു.ഐ.ടി നാഷണൽ സർവീസ് സ്കീം തയ്യാറാക്കിയ ഒമിക്രോൺ വൈറസിനെതിരെ കർശന ജാഗ്രതാനിർദ്ദേശം ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും സ്റ്റിക്കറുകളും സാമൂഹിക ആരോഗ്യകേന്ദ്രം, പഞ്ചായത്ത് ഓഫീസ്, സ്കൂളുകൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പതിച്ചു. മാന്നാർ നായർ സമാജം ഹയർ സെക്കന്ററിസ്‌കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ പ്രചാരണ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ്, പ്രോഗ്രാം ഓഫീസറായ എസ്.അശ്വതി, വോളന്റിയർ സെക്രട്ടറിമാരായ ആഷ്‌ലി, റോഷൻ, രോഹൻ എന്നിവർ നേതൃത്വം നൽകി.