ambala
പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ മങ്ങാട് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിലായ പ്രദേശം എം.എൽ.എ എച്ച്.സലാം സന്ദർശിക്കുന്നു

അമ്പലപ്പുഴ: കാന തകർന്ന് വെള്ളക്കെട്ടിലായ കുടുംബങ്ങൾക്ക് സഹായവുമായി എം. എൽ. എ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ മങ്ങാട് പള്ളിക്ക് സമീപത്തെ 12- ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിലായത്. ദേശീയ പാതയോരത്തു നിന്നുൾപ്പടെ ഒഴുകിയെത്തുന്ന വെള്ളം പള്ളിക്കു തെക്കുഭാഗത്തെ കാനയിലൂടെ കിഴക്കോട്ടൊഴുകി തടത്തിൽപ്പാടത്താണ് എത്തുന്നത്.റോഡിനു കുറുകെയുള്ള പൈപ്പും സമീപത്തെ കാണയും തകർന്നതോടെയാണ് വെള്ളം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകിയെത്തിയത്. നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച എച്ച്. സലാം എം.എൽ.എ, പൊട്ടിയ പൈപ്പു മാറ്റി റോഡിനു കുറുകെ ഒരു മീറ്റർ വീതിയിലും ഉയരത്തിലും കാന നിർമ്മിച്ചു നൽകാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിഴക്കോട്ട് 55 മീറ്റർ പുതിയ കാന നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിശോധിക്കാമെന്നും എച്ച്. സലാം ഉറപ്പു നൽകി. സി.പി. എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .ജഗദീശൻ, ഏരിയ കമ്മിറ്റി അംഗം ആർ. റജിമോൻ, ലോക്കൽ കമ്മിറ്റിയംഗം സി .വി .അനിയൻകുഞ്ഞ്, ബ്രാഞ്ച് സെക്രട്ടറി ജെ. രാജേഷ്, ഷുക്കൂർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.