ആലപ്പുഴ: നഗരവാസികൾക്ക് ശാപമായി മാറിയ ചുങ്കം - പള്ളാത്തുരുത്തി റോഡിന്റെ ശനിദശ മാറുന്നു. ടെണ്ടർ കരാർ നടപടികൾ പൂർത്തീകരിച്ച റോഡിന്റെ നിർമാണം ഉടൻ തന്നെ ആരംഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് വ്യക്തമാക്കി. റോഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്വാഭാവികമായി ഉണ്ടാവുന്ന സമയം പോലുമെടുക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന പാതയിൽ യാത്ര ഏറെ ദുർഘടമാണ്. ഏറെ നാളായി വിവിധ സമരമുറകളാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടി നാട്ടുകാർ നടത്തിവന്നിരുന്നത്. . റോഡ് പൊതുമരാമത്ത് വകുപ്പിന് നഗരസഭ നേരത്തെ കൈമാറിയിരുന്നു. കളർകോട് റിംഗ് റോഡ് ഫേസ് 3 പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമിക്കുന്നത്. റോഡിന്റെ ദുരവസ്ഥ മനസിലാക്കിയ എച്ച്.സലാം എം.എൽ.എ ഇടപെട്ട് റോഡിനായി തുക അനുവദിപ്പിക്കുകയായിരുന്നെന്നും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
എസ്റ്റിമേറ്റ് തുക - 2.80 കോടി രൂപ
മുല്ലയ്ക്കൽ ഫസ്റ്റ് ലെയർ ടാറിംഗ്
മുല്ലയ്ക്കൽ ക്ഷേത്ര മഹോത്സവം കണക്കിലെടുത്ത് റോഡിൽ വൺ ലെയർ ടാറിംഗ് നടത്തും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തൂണുകൾ സ്ഥാപിച്ചതിനാൽ ഏതാനും ഭാഗത്ത് ടാറിംഗ് നടത്താനാവാത്ത സ്ഥിതിയാണ്. കാനയുടെ പണിയും തീർന്നിട്ടില്ല. അതിനാൽ എ.വി.ജെ ജംഗ്ഷൻ മുതൽ വടക്കോട്ടും, തൂണ് വരാത്ത സ്ഥലങ്ങളിലും താൽക്കാലം ടാറിംഗ് നടത്തും.
ചുങ്കം - പള്ളാത്തുരുത്തി റോഡിന്റെ പ്രശ്നം ഇനി നീളില്ല. പണി ഉടനാരംഭിക്കും. അമ്പലപ്പുഴ എം.എൽ.എയുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലുകളുണ്ടായി
- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ