ആലപ്പുഴ: ജോലിഭാരം കാരണം ഹൗസ് സർജൻമാർ അനുഭവിക്കുന്ന മാനസിക -ശാരീരിക പീഡകളെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഹൗസ് സർജൻമാരുടെ പരാതികൾ പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഹൗസ് സർജൻമാരെ ഉപയോഗിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നത്. സീനിയർ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് വിരളമാണെന്നും പരാതിയിൽ പറയുന്നു. ഹൗസ് സർജൻമാരെ തുടർച്ചയായി എട്ടു മണിക്കൂറിൽ കൂടുതൽ ജോലിക്ക് നിയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി നിലവിലുള്ളപ്പോഴാണ് ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു.