ആലപ്പുഴ : അഡ്വാൻസ് നൽകിയ തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഹൗസ് ബോട്ടുടമയെ മർദ്ദിച്ചതിന് യുവാവും ഭാര്യാപിതാവുമുൾപ്പെടെ മൂന്ന് പേർ പിടിയിലായി. പിടിയിലായവർ സഞ്ചരിച്ച കാറിൽ നിന്ന് എയർ ഗണും പിടിച്ചെടുത്തു. ഹൗസ് ബോട്ട് ഉടമ കളർകോട് സനാതനപുരം പടമുറ്റം ജോസ്കുട്ടി ജോസിനെ(54) മർദ്ദിച്ച കേസിൽ കളർകോട് സനാതനപുരം കാട്ടുങ്കൽ വീട്ടിൽ സാബു (56), മരുമകൻ പല്ലന സുനീമൺസിലിൽ നഹാസ് നാസർ(23), കാർഡ്രൈവർ പുന്നപ്ര പുതുവൽ വീട്ടിൽ ബോസ്കോ(22) എന്നിവരെയാണ് നോർത്ത് എസ്.ഐ നിഥിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുന്നമട രാജീവ് ജെട്ടിയിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത് : ജോസ് കുട്ടിയുടെ ഹൗസ് ബോട്ട് 18ലക്ഷംരൂപക്ക് വിലക്ക് വാങ്ങുന്നതിനായി ഒരു വർഷം മുമ്പ് സാബു ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ, ബോട്ടിന്റെ രേഖകൾ ശരിയല്ലെന്ന പേരിൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സാബു അഡ്വാൻസ് തുക തിരികെ ചോദിച്ചു. എന്നാൽ, വാങ്ങിയ തുക ബോട്ടിന്റെ അറ്റകുറ്റപണിക്കായി ചെലവഴിച്ചതായി ജോസ്കുട്ടി പറഞ്ഞു. പലതവണ തുക തിരികെ ചോദിച്ചെങ്കിലും ജോസ്കുട്ടി തിരികെ നൽകാൻ തയ്യാറായില്ല. ഇന്നലെ സാബുവും സംഘവും കാറിൽ രാജീവ് ജെട്ടിയിൽ എത്തി ജോസ്കുട്ടിയുമായി തർക്കത്തിലായി.തുടർന്ന് ജോസ്കുട്ടിയെ സംഘം കയ്യേറ്റം ചെയ്തു. ഈ സമയം പുന്നമടയിൽ ഉണ്ടായിരുന്ന ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളും സാബുവും സംഘവുമായി ഏറ്റുമുട്ടി. ഇതിനിടെ ഇവർ എയർ ഗൺ എടുക്കാൻ ഇവർ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹനം തുറക്കാൻ അനുവദിച്ചില്ല. സാബുവിനെയും നഹാസിനെയും നാട്ടുകാർ തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. പൊലീസ് എത്തുന്നത് കണ്ട് ഡ്രൈവർ ബോസ്കോ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇയാളെ പിന്തുടർന്ന് പിടികൂടി. നാട്ടുകാർ തങ്ങളെ മർദ്ദിച്ചതായി പിടിയിലായ മൂന്ന് പേരും പൊലീസിനോട് പറഞ്ഞു.