ചാരുംമൂട്: കായംകുളം കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ നിന്നും ചങ്ങൻകുളങ്ങര വഴി താമരക്കുളത്തിന് സർവീസ് നടത്തിയിരുന്ന സ്റ്റേ ബസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ താമരക്കുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഡയറക്ടറെ നേരിൽ കണ്ട് നിവേദനം നടത്താനാണ് തീരുമാനം. അരനൂറ്റാണ്ടിലധികമായി നാട്ടുകാർ ഏറെ ആശ്രയിച്ചിരുന്ന സർവീസ് കഴിഞ്ഞ കൊവിഡ് കാലത്താണ് നിർത്തി വച്ചത്.

ടൂറിസം പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയ വയ്യാങ്കരച്ചിറ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നതിന് പദ്ധതി നടത്തിപ്പ് ചുമതല ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് ടൂറിസം ഡയറക്ടറോട് അഭ്യർത്ഥിക്കുവാനും കമ്മിറ്റി തീരുമാനിച്ചു. കെ.ഐ.പി കനാലുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും മിഷൻ ഡയറക്ടർക്കും കത്ത് നൽകാനും തീരുമാനിച്ചു. താമരക്കുളം മൃഗാശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജി.വേണു അറിയിച്ചു.