ആലപ്പുഴ: മുൻ ഭരണ സമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. 2018-19 കാലത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിലിലാണ് തീരുമാനം.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനങ്ങളിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഴിമതിയും ക്രമക്കേടും ഓഡിറ്റിൽ കണ്ടെത്തിയതിനാലും 2018-19 വർഷം മാത്രം 1 കോടി 29 ലക്ഷം രൂപയുടെ ക്രമക്കേട് വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനത്തിൽ മാത്രം കണ്ടെത്തിയ സാഹചര്യത്തിൽ മുൻ ഭരണ സമിതിയുടെയും പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്റെയും പ്രവർത്തനം വിജിലൻസ് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. രേഖകളില്ലാതെ നടത്തിയ പദ്ധതികളിൽ വലിയ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും ഭരണ പക്ഷം ആരോപിച്ചു. ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതാൻ കൗൺസിൽ ഏക കണ്ഠമായി തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, ബിന്ദു തോമസ്, എ ഷാനവാസ്, കെ.ബാബു, ആർ വിനീത, കക്ഷി നേതാക്കളായ എം.ആർ പ്രേം ,ഡി.പി.മധു, റീഗോ രാജു, ഹരികൃഷ്ണൻ, എം.ജി. സതീദേവി, നസീർ പുന്നയ്ക്കൽ, സലിം മുല്ലാത്ത്, രതീഷ് എന്നിവർ സംസാരിച്ചു.
രാഷ്ടീയ ലക്ഷ്യം: കോൺഗ്രസ്
ഓഡിറ്റ് പരാമർശത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് ചില പദ്ധതി നടത്തിപ്പുകൾ സുതാര്യമായിരുന്നില്ല എന്ന വാക്ക് ഉപയോഗിച്ചതിനെ അഴിമതിയായി വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു കൗൺസിലിൽ അഭിപ്രായപ്പെട്ടു. നഗരസഭ വക ആലിശ്ശേരി ലോറി സ്റ്റാൻഡ് വർഷം കേവലം 47,000 രൂപയ്ക്ക് വാടകയ്ക്ക് നൽകുന്നതായ ഓഡിറ്റ് പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി. നഗരസഭയുടെ തനതു വരുമാനം കുറയുന്നതിലുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇത്തരം രാഷ്ട്രീയ മേൽക്കോയ്മകളാണെന്ന് കോൺഗ്രസ് ആരോപിച്ചു.