തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ അനന്തു രമേശൻ 10063 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു സിറ്റിംഗ് സീറ്റ് നിലനിറുത്തി. ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ആകെ പോൾ ചെയ്ത 40837 വോട്ടിൽ അനന്തു രമേശന് 23751 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ. ഉമേശന് 13688 വോട്ട് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ. എസിലെ കെ എം മണി ലാലിന് 2762 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാർ 277 നേടി.

കൗണ്ടിംഗ് ആരംഭിച്ച സമയം മുതൽ വ്യക്തമായ മേൽക്കൈ നേടിയായിരുന്നു അനന്തുവിന്റെ മുന്നേറ്റം. ആദ്യം എണ്ണിയ 73 തപാൽ വോട്ടുകളിൽ എൽ.ഡി.എഫിന് 49 വോട്ട് ലഭിച്ചു. യു.ഡി.എഫ് 14 ഉം, എൻ ഡി എ 9 ഉം വോട്ടുകൾ വീതം നേടി. ഒന്നാം റൗണ്ടിൽ 1254 വോട്ടു നേടി ഭൂരിപക്ഷം 1289 ആയി ഉയർത്തി.രണ്ടാം റൗണ്ടിൽ ഭൂരിപക്ഷം 2186 ആയി ഉയർന്നു.മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ 2998, നാലാം റൗണ്ടിൽ 4228, അഞ്ചാം റൗണ്ടിൽ 5404, ആറാം റൗണ്ടിൽ 6301 എന്നിങ്ങനെ ഭൂരിപക്ഷം ഉയർന്നു. അവസാന റൗണ്ടിലെത്തിയപ്പോൾ ഭൂരിപക്ഷം 10,063ലെത്തി. ഡിവിഷനിലെ 52 വാർഡുകളിൽ ഒരു വാർഡ് ഒഴികെ 51 വാർഡുകളിലും അനന്തു രമേശൻ ലീഡ് നേടി.അരൂർ പഞ്ചായത്ത് പത്താം വാർഡിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലീഡ് നേടാനായത്. പഞ്ചായത്ത്, എൽ.ഡി.എഫ് ലീഡ് ക്രമത്തിൽ. അരൂർ - 3055, എഴുപുന്ന - 1543, കോടംതുരുത്ത് -1316, കുത്തിയതോട് -1256 തുറവൂർ -2858 എന്നിങ്ങനെയാണ് ലീഡ് നില . ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദെലീമ ജോജോ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തവണ 3498 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. 23 കാരനായ അനന്തു രമേശന്റെ കന്നി മത്സരമാണിത്. തുറവൂർ വളമംഗലം വടക്ക് സ്വദേശിയാണ്. ബാലസംഘത്തിലും എസ്.എഫ്.ഐ, ഡി.വൈ.എഫ് ഐ എന്നീ വിദ്യാർത്ഥി -യുവജനപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചാണ് സി.പി.എമ്മിലെത്തിയത്.