photo

മാരാരിക്കുളം: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപം വി.ബി റോയൽ അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഡെറിക് ആന്റണിയെയാണ് (49) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കലവൂർ വോൾഗ ജംഗ്ഷന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന മണ്ണഞ്ചേരി സ്വദേശിനിയായ മിനിയെ കഴിഞ്ഞ 4ന് 2000 രൂപ ലോട്ടറി അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് 500 രൂപയുടെ ലോട്ടറിയെടുക്കുകയും 1,500 രൂപ പണമായി വാങ്ങുകയും ചെയ്തു. പരാതിയെ തുടർന്ന് കറുത്ത കാറിൽ വന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.

ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, ബി.കെ. അശോകൻ, അസി. ഇൻസ്പെക്ടർ ശർമ്മകുമാർ, എസ്.സി.പി.ഒ മഞ്ജുഷ, സി.പി.ഒ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.