ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിൽ 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ഒന്നാമത് പെരിങ്ങാല ശ്രീനാരായണ കൺവെൻഷൻ ഇന്ന്മുതൽ ഞായറാഴ്ചവരെ ശാഖാ ഗുരുമന്ദിരത്തിനോടു ചേർന്ന ശ്രീനാരായണ നഗറിൽ ആരംഭിക്കും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.00 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. യൂണിയൻ ചെയർമാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, സുരേഷ് വല്ലന എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് അരുൺ തമ്പി നന്ദിയും പറയും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് യഥാക്രമം കുടുംബജീവിതവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.ധന്വന്തരൻ വൈദ്യൻ ഇടുക്കി, വിശ്വഗുരുവിന്റെ അരുളുകളും പൊരുളുകളും എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീർ, ജീവിത വിജയത്തിന് ഗുരുദേവ ദർശനം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് എന്നിവർ 10, 11, 12 തീയതികളിൽ ഗുരുപ്രഭാഷണം നടത്തും. യൂണിയൻ വൈദിക സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9ന് മഹാവിശ്വശാന്തി ഹവനം നടക്കും.
ശ്രീനാരായണഗുരു സന്ദർശനം നടത്തിയിരുന്ന ശാഖാ അതിർത്തിയുള്ള പാങ്ങാട്ടു കൈലാസക്ഷേത്രം കുളപ്പുര മഹാഗണപതിക്ഷേത്രം പെരിങ്ങാല ശ്രീധര സ്വാമിയുടെ ആശ്രമത്തിന്റെ സ്മരണ നിലനിർത്തിയാണ് ശ്രീനാരായണ കൺവെൻഷൻ ആരംഭിക്കുന്നതെന്ന് ശാഖാ പ്രസിഡന്റ് അരുൺ തമ്പി, വൈസ് പ്രസിഡന്റ് സുധീഷ് വി.എസ്., സെക്രട്ടറി സുധാ വിജയൻ എന്നിവർ അറിയിച്ചു.