ഹരിപ്പാട്: സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക ഒഴിവാക്കുവാനും എൻ.ടി,പി.സി കേന്ദ്രീയ വിദ്യാലയം നിലനിർത്തുവാനുമായി എം.എൽ.എ എന്ന നിലയിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാലയത്തിന്റെ സ്പോൺസർഷിപ്പ് പിൻവലിച്ച് സ്കൂൾ നിർത്തലാക്കുന്നതിനെതിരെ ഹരിപ്പാട് കാർത്തികപ്പളളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ജനകീയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 300 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നൽകാത്ത വെളളാനയാണ് എൻടിപിസി . ഈ കേന്ദ്രീയ വിദ്യാലയം നിലനിർത്തുവാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് സാധിക്കും. സ്കൂൾ നിലനിർത്തുന്നതിനായി ഇതിന്റെ സ്പോൺസർഷിപ്പ് സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏറ്റെടുക്കണം. അതുമല്ലങ്കിൽ 5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കേന്ദ്രീയ വിദ്യാലയത്തിന് നൽകിയാലും മതിയാകും. സ്കൂൾ നില നിർത്തുന്നതിന് ഈ മാസം 28 ന് തിരുവനന്തപുരത്ത് വീണ്ടും ചർച്ച നടത്തും. പ്രധാനമന്ത്രി, കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് നൽകി. ഈ സ്കൂൾ നില നിർത്തുവാൻ ഏതറ്റം വരെയും പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എംആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, അഡ്വ.എം.ലിജു,എ.കെ.രാജൻ, കെ.എം.രാജു,എം.കെ.,വിജയൻ, കെ.കെ.സുരേന്ദ്രനാഥ്, അഡ്വ.വി.ഷുക്കൂർ, എസ്.ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രൻ,എസ്.വിനോദ്കുമാർ, ശ്രീദേവി രാജൻ, ജേക്കബ് തമ്പാൻ, എച്ച്.നിയാസ്, സുജിത്ത് എസ് ചേപ്പാട്, പി.ജി ശാന്തകുമാർ, സജിനി,വിഷ്ണു ആർ ഹരിപ്പാട്, എം.ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.