അമ്പലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കരൂർ പുത്തൻപറമ്പിൽ യമുനയുടെ (48) കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായമായ പതിനായിരം രൂപ നൽകിയത്. യമുനയുടെ ഭർത്താവ് അനിക്ക് എച്ച്. സാലാം എം.എൽ.എ വീട്ടിലെത്തി പണം കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ഫിഷറീസ് ഓഫീസർമാരായ അഭിരാജ്, ജോൺസൺ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി. ജയൻ, യമുനയുടെ മക്കളായ അനശ്വര, അനന്തു എന്നിവർ ഒപ്പമുണ്ടായിരുന്നു.