police

ചാരുംമൂട്: പൊലീസ് സ്റ്റേഷനിൽ എസ്.ഐയെയും സി.പി.ഒയെയും കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറ വീട്ടിൽ ഷാൻമോൻ (27),​ സഹോദരൻ സജിൻ റജീബ് (24) എന്നിവരാണ് നൂറനാട് പൊലീസിനെ കൈയേറ്റം ചെയ്തത്.

പൊലീസ് പറയുന്നത്: ഫർണീച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ കബളിപ്പിച്ചെന്ന് ചുനക്കര സ്വദേശി അബ്ദുൽ റഹ്മാൻ പരാതി നൽകിയിരുന്നു. ഈ കേസിൽ ഇരുവരെയും ബുധനാഴ്ച സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. സബ് ഇൻസ്പെക്ടറുടെ മുറിയിൽ വച്ച് ഇരു കക്ഷികളുമായി സംസാരിക്കുന്നതിനിടയിലാണ് പ്രതികൾ കൈയേറ്റം നടത്തിയത്. എസ്.ഐയെ പിടിച്ചുതള്ളുന്നത് തടയാൻ ശ്രമിച്ച സി.പി.ഒയെയും ഇവർ കൈയേറ്റം ചെയ്തു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.