മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖിയിലെ തട്ടിപ്പിലിരയായ നിക്ഷേപകരുടെ സമരം താലൂക്ക് സഹകരണ ബാങ്കിന്റെ മറ്റ് ശാഖകളിലേക്കും വ്യാപിക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ സമീപ ശാഖയായ തട്ടരമ്പലം ശാഖയിലേക്കാണ് സമരം വ്യാപിച്ചത്. ഭരണസമിതി രാജിവെയ്ക്കാൻ തയ്യാറായില്ലെങ്കിൽ അടുത്ത ദിവങ്ങളിൽ ബാങ്കിന്റെ മറ്റ് ശാഖകളിലും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന നാലാം ദിന സത്യാഗ്രഹ സമരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. വി.ജി.രവീന്ദ്രൻ, ഡി.തുളസിദാസ്, കെ.സി.ചെറിയാൻ, അനിത, തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. തട്ടാരമ്പലം ശാഖയിൽ നടന്ന സത്യാഗ്രഹ സമരം നിക്ഷേപക കൂട്ടായ്മ നേതാവ് എം.വിനയൻ ഉദ്ഘാടനം ചെയ്തു. റ്റി.കെ.പ്രഭാകരൻ നായർ അദ്ധ്യക്ഷനായി. ജി.ഗോവിന്ദൻ നമ്പൂതിരി, രമ എന്നിവർ സംസാരിച്ചു.