മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് വിഷയത്തിൽ അരുൺകുമാർ എം.എൽ.എ കഥയറിയാതെ ആട്ടം കാണുകയാണെന്നും മാവേലിക്കരയിലെ സി.പി.എം നിക്ഷേപക കൂട്ടായ്മയെ മുന്നിൽ നിർത്തി ബാങ്കിനെ തകർക്കുവാൻ ശ്രമിക്കുകയാണെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പ്രസ്താവനയിൽ ആരോപിച്ചു. അഞ്ചു വർഷം മുമ്പ് കോൺഗ്രസിന്റെ ഭരണസമിതി 3 ജീവനക്കാർ തഴക്കര ശാഖയിൽ നടത്തിയ അഴിമതി കണ്ടെത്തുകയും കേസാക്കുകയും ചെയ്തു. അഞ്ചു വർഷം കഴിഞ്ഞിട്ടും കേരളം ഭരിക്കുന്ന സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാരിന് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല.
കുറ്റവാളികളെയും നിക്ഷേപകരെയും ഒരേ സമയം സംരക്ഷിക്കുന്ന സി.പി.എമ്മിന്റെ മെയ് വഴക്കം സമരക്കാർ മനസിലാക്കണം.എം.എൽ.എയ്ക്കും, സി.പി.എമ്മിനും എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കേസന്വേഷണം ഊർജ്ജിതമാക്കി യഥാർത്ഥ കുറ്റവാളികളിൽ നിന്നും പണം ഈടാക്കി നിക്ഷേപകർക്കു നൽകുവാനും ബാങ്കിന് സർക്കാരിന്റെ സഹായം ലഭ്യമാക്കുവാനുമാണ് ശ്രമിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.