മാവേലിക്കര: ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് മാവേലിക്കരയിൽ വ്യാജവാറ്റ് മദ്യ കച്ചവടക്കാർ വർദ്ധിച്ചുവരുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ എക്സൈസ് നടത്തിയ റെയ്ഡുകളിൽ 21 ലിറ്റർ വിദേശ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന യുവാക്കൾ എക്സൈസ് സംഘത്തെ കണ്ടതിനെത്തുടർന്ന് സഞ്ചരിച്ച ബൈക്കും കൈവശമുണ്ടായിരുന്ന മദ്യവും റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് സഞ്ചികളിൽ ആയി 16 ലിറ്റർ വിദേശമദ്യം കണ്ടെത്തി. പ്രതികളെ പിടികൂടാനായില്ല. പ്രതികൾ സഞ്ചരിച്ച ബൈക്കും വിദേശമദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.
അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിനും ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 5 ലിറ്റർ മദ്യം പിടിച്ചെടുത്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ സജു പി, പ്രിവന്റീവ് ഓഫീസർമാരായ ബെന്നി മോൻ, ടി.എ വിനോദ് കുമാർ, എസ്.ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദിഷ്.പി നായർ, വിഷ്ണുദാസ്.ജി.ആർ, രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സുലേഖ, എക്സൈസ് ഡ്രൈവർ ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. വ്യാജ മദ്യ സംബന്ധമായ വി​വരങ്ങൾ മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ 0479 2340270 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.