മാവേലിക്കര: മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ആദ്യ കോമേഴ്‌സ് ബാച്ചിന്റെ രജത ജൂബിലി ആഘോഷം നാളെ നടക്കും. 1964ൽ സ്ഥാപിതമായ ബിഷപ് മൂർ കോളേജിലെ ആദ്യ കോമേഴ്‌സ് ബാച്ച് കോഴ്‌സ് പൂർത്തിയാക്കിയിറങ്ങിയത് 1996 ലാണ്. സാമൂഹിക പ്രതിബദ്ധതയുള്ളതും വികസനപരവുമായ 25 കർമ്മ പദ്ധതികളുടെ ഒരു പരമ്പര സമാരംഭിച്ചുകൊണ്ടാണ് പൂർവ വിദ്യാർത്ഥികൾ ഈ സിൽവർ ജൂബിലി ആഘോഷമാക്കുന്നത്. നാളെ കോളേജ് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ.സജീവ് വി.പി അദ്ധ്യക്ഷനാവും.

മുൻ പ്രിൻസിപ്പൽ പ്രൊഫ.എം.കെ ചെറിയാൻ സംസാരി​ക്കും. കോളേജ് കാലഘട്ടത്തിലെ കൂട്ടായ്‌മയുടെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന ഡിജിറ്റൽ സ്മരണികഎഴുത്തുകാരൻ കെ.കെ.സുധാകരൻ പ്രകാശനം ചെയ്യും. എം.എസ് അരുൺ കുമാർ എം.എൽ.എ യോഗത്തിൽ സംസാരിക്കും.മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി, കോളേജ് ബർസാർ അഡ്വ.സ്റ്റീഫൻ ഡാനിയൽ, പി.ടി.എ വൈസ് പ്രസിഡന്റ് മോഹൻകുമാർ തഴക്കര, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് എന്നിവർ പങ്കെടുക്കും.

ആദ്യ ബികോം ബാച്ച് വിദ്യാർത്ഥി നബീർ.എ.കെ ജനറൽ കൺവീനറായ പരിപാടി ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത, നിയമസാക്ഷരത, വ്യവസായ ഇന്റർഫേസ്, ഫിനാൻഷ്യൽ മാർക്കറ്റ്, ഓൺലൈൻ ഓർക്കസ്ട്ര, വെർച്വൽ ഗെയിമുകൾ തുടങ്ങി സാമൂഹിക പരിഗണനയുള്ള 25 വ്യത്യസ്ത പരിപാടികൾക്ക് തുടക്കം കുറി​ക്കും.