haritha-ship

ആലപ്പുഴ: നേവി ഓഫീസറാകാനുള്ള മോഹം പൊക്കമില്ലായ്‌മയിൽ പൊലിഞ്ഞപ്പോൾ 4.9 അടി പൊക്കക്കാരി നീന്തിപ്പിടിച്ചത് കപ്പിത്താന്റെ ക്യാബിൻ. ഗവേഷണ മത്സ്യബന്ധന യാനങ്ങളിലെ ക്യാപ്ടൻ തസ്‌തികയിലേക്കുള്ള (സ്‌കിപ്പർ) പരീക്ഷ ജയിച്ച്, രാജ്യത്തെ ആദ്യ വനിതാ സ്‌കിപ്പറെന്ന റെക്കാഡ് സ്വന്തമാക്കി ആലപ്പുഴ എരമല്ലൂർ കൈതക്കുഴിയിൽ കുഞ്ഞപ്പന്റെയും സുധർമ്മയുടെയും മകൾ കെ.കെ. ഹരിത (25).

2012ലാണ് മറൈൻ രംഗത്തേക്ക് തിരിഞ്ഞത്. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ്‌ എൻജിനിയറിംഗ് ട്രെയിനിംഗിൽ (സിഫ്നെറ്റ്) നിന്നാണ് ബാച്ചിലർ ഒഫ് ഫിഷറീസ് സയൻസിൽ ബിരുദം നേടിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകൻ ക്യാപ്ടൻ അരുൺ യാദൃച്ഛികമായി 'ക്യാപ്ടൻ ഹരിത' എന്ന് വിളിച്ചതോടെയാണ് ക്യാപ്ടനാകണമെന്ന മോഹം കലശലായത്.

കപ്പലുകളിൽ പെൺസാന്നിദ്ധ്യമുണ്ടെങ്കിലും മത്സ്യബന്ധന കപ്പലിലെ രാജ്യത്തെ ആദ്യ വനിതാ ക്യാപ്ടനാണ് ഹരിത. കേന്ദ്ര സർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം സെയിലിംഗ് പരിശീലനം നേടിയ ഹരിത സിഫ്നെറ്റിന്റെ 'പ്രശിക്ഷണി' കപ്പലിൽ 12 മാസത്തോളം മേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മുംബയ് സിനർജി മറീനേഴ്സിന്റെ മർച്ചന്റ് നേവി കപ്പലിൽ ആസ്ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് സമുദ്ര സഞ്ചാരവും നടത്തി. ചെന്നൈ എം.എം.ഡി (മർക്കന്റൈൻ മറൈൻ ഡിപ്പാർട്ട്മെന്റ്)​ നടത്തിയ ‘മേറ്റ് ഒഫ് ഫിഷിംഗ് വെസൽസ്' സ്‌കിപ്പർ പരീക്ഷയ്ക്ക് മുന്നോടിയായിട്ടായിരുന്നു വിവിധ രാജ്യങ്ങളിലെ സെയിലിംഗ്. മൊത്തം 24 രാജ്യങ്ങളിലേക്ക് സെയിലിംഗ് നടത്തി. ഇപ്പോൾ നാട്ടിലുള്ള ഹരിത പ്രൈവറ്റ് കമ്പനിയായ സിനർജി മാരിടൈമിൽ ജോലിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്

വെല്ലുവിളികളെ തോൽപ്പിച്ചു

മത്സ്യബന്ധന യാനങ്ങൾക്ക് മറ്റ് കപ്പലുകളേക്കാൾ വലിപ്പക്കുറവ്

കടൽ യാത്രയിൽ സ്ത്രീകൾക്ക് കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ

സെയിലിംഗ് ദിവസങ്ങളിൽ 30 തവണ വരെ ഛർദ്ദിച്ചു,​ ഒപ്പം തലകറക്കവും

സഹപ്രവർത്തകരുടെ പിന്തുണ വലിയ ആശ്വാസം

നേവിയിൽ ഓഫീസറാകണമെന്ന മോഹം പൊലിഞ്ഞതോടെയാണ് ഫിഷറീസ് സയൻസിലേക്ക് തിരിഞ്ഞത്. വെല്ലുവിളികൾ അതിജീവിച്ചാണ് ക്യാപ്ടനായത്.

കെ.കെ. ഹരിത