op

ആലപ്പുഴ: മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പ്രതിഷേധം വീണ്ടും കടുപ്പിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയുടെയും അത്യാഹി വിഭാഗത്തിന്റെയും പ്രവർത്തനം താളംതെറ്റി. ഒരുവിഭാഗം പി.ജി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ എത്തിയത് രോഗികൾക്ക് ആശ്വാസമായിരുന്നു.

കഴിഞ്ഞ ദിവസം സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പി.ജി വിദ്യാർത്ഥികൾ അറിയിച്ചെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മുഴുവൻ പി.ജി വിദ്യാർത്ഥികളും എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. സീനിയർ ഡോക്ടർമാരും ഹൗസ് സർജന്മാരും മാത്രമാണ് ഡ്യൂട്ടിക്ക് എത്തിയത്. മുഴുവൻ വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കാനുള്ള അനുരഞ്ജന ശ്രമത്തിലാണ് കോളേജ് അധികൃതർ.

രണ്ടിനാണ് ഒ.പി ബഹിഷ്‌കരണം ആരംഭിച്ചത്. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ എമർജൻസി കേസുകൾ ഒഴികെയുള്ള ചികിത്സാ ബഹിഷ്‌കരണം ആരംഭിച്ചതോടെ ശസ്ത്രക്രിയകളും മുടങ്ങി. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെയും വലയ്ക്കുന്നു. കൊവിഡ് വാർഡിലെ 12 പി.ജി വിദ്യാർത്ഥികളുടെ സേവനവും നിലച്ചു. ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലായ പി.ജി വിദ്യാർത്ഥികൾക്ക് പരീക്ഷ അടുത്തിരിക്കെ ഒമിക്രോൺ ഭീതിയും വെല്ലുവിളിയാണ്.

കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എന്നാൽ അടിയന്തര പ്രാധാന്യമില്ലാത്ത മുഴുവൻ ശസ്ത്രക്രിയകളും നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന നിലപാടിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കൗൺസലിംഗ് മാറ്റി, സമരത്തിലേക്ക് നയിച്ചു

1. നീറ്റ് പി.ജി കൗൺസലിംഗ് മാറ്റിവയ്ക്കൽ അഡ്മിഷൻ വൈകിപ്പിക്കുന്നു

2. ആറുമാസം വൈകിയ മെഡിക്കൽ പി.ജി അലോട്ട്‌മെന്റ് സുപ്രീം കോടതി നാലാഴ്ചത്തേക്ക് കൂടി നീട്ടി

3. കേന്ദ്ര സർക്കാരിന്റെ മുന്നാക്ക സംവരണ വരുമാന പരിധി നിശ്ചയിക്കൽ വൈകുന്നു

4. പി.ജി നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത് 2021 ജനുവരിയിൽ

5. കൊവിഡ് രണ്ടാം തരംഗത്തിൽ സെപ്തംബറിൽ നടക്കേണ്ടിയിരുന്ന കൗൺസലിംഗ് നീളുന്നു

6. 2022 ജനുവരി ആറിന് ശേഷമേ കൗൺസലിംഗ് പുനരാരംഭിക്കൂ

7. ഇതോടെ 2021ലെ പി.ജി അഡ്മിഷനുകൾ ഇല്ലാതാവും

8. ഇത് ആരോഗ്യപരിപാലന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും

9. 2021ൽ പി.ജി എൻട്രൻസ് നടക്കാത്തതിനാൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ കുറയും

ആലപ്പുഴയിൽ പി.ജി വിദ്യാർത്ഥികൾ: 265

""

പി.ജി ഡോക്ടർമാർ അത്യാഹിത വിഭാഗം ഉൾപ്പെടെ പൂർണമായും ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ള ചികിത്സയ്ക്ക് ക്രമീകരണം ഏർപ്പെടുത്തി. സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ എം.ബി.ബി.എസ് വിജയിച്ച 61 ഡോക്ടർമാരെ തിങ്കളാഴ്ച മുതൽ റിക്രൂട്ട് ചെയ്യും.

ഡോ. ശശികല, പ്രിൻസിപ്പൽ,

മെഡിക്കൽ കോളേജ്, ആലപ്പുഴ