uniform

ആലപ്പുഴ: അദ്ധ്യയനം വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെ, സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയത് കല്ലുകടിയാവുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഏതാനും ദിവസങ്ങളിലേക്ക് മാത്രമായി യൂണിഫോം തയ്പ്പിക്കുന്നത് പ്രയോജനപ്പെടില്ലെന്ന് മാത്രമല്ല, അധിക ചെലവുകൂടിയാണെന്ന് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നു.

കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിലും യൂണിഫോം അണിഞ്ഞിട്ടില്ലാത്തതിനാൽ പുതിയവ വാങ്ങാതെ തരമില്ല. ചില സ്കൂളുകൾ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ച വേളയിൽ കുട്ടികളെ യൂണിഫോം ധരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഉത്തരവ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

അടുത്ത വർഷം യൂണിഫോം മോഡൽ മാറുകയോ, സ്കൂൾ പഠനം അവസാനിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് ഇപ്പോൾ തുക മുടക്കേണ്ടിവരുന്നത് നഷ്ടക്കച്ചവടമാകും. വർഷാവസാന പരീക്ഷയിലേക്ക് എത്താൻ 90 ഓളം അദ്ധ്യയന ദിനങ്ങളുണ്ടെങ്കിലും ക്രിസ്മസ് അവധിയുൾപ്പടെ വെട്ടിക്കുറച്ച ശേഷം ലഭിക്കുന്ന പ്രവൃത്തി ദിനങ്ങളിൽ മാത്രമാണ് യൂണിഫോം അണിയേണ്ടി വരിക.

എതിർപ്പിന് പല കാരണങ്ങൾ
1. സ്കൂൾ അദ്ധ്യനം ഉച്ചവരെയായതിനാൽ പലരും യൂണിഫോം തയ്പ്പിച്ചിട്ടില്ല

2. തുണി വില, തയ്യൽ കൂലി,​ ഷൂ, സോക്സ്, ടൈ, ബെൽറ്റ്, നെയിംപ്ലേറ്റ്, ബോ, റിബൺ തുടങ്ങിയവയും വാങ്ങണം

3. പ്രതിസന്ധികൾക്കിടയിൽ വീണ്ടും ചെലവ്

4. പല കുടുംബങ്ങളും സാമ്പത്തികമായി തകർച്ചയിൽ

5. ഗുണം ലഭിക്കുന്നത് വസ്ത്രശാലകൾക്കും തയ്യൽക്കടക്കാർക്കും

തയ്യൽ കൂലി: ₹ 500 - 600

ഓൺലൈനിലേക്ക് മടങ്ങും

യൂണിഫോം നിർബന്ധമാക്കിയാൽ ഇപ്പോൾ സ്കൂളിൽ വരുന്ന കുട്ടികൾ പോലും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങുമോയെന്ന് അദ്ധ്യാപകർ ആശങ്കപ്പെടുന്നു. ഹാ‌ജർ നിർബന്ധമല്ലാത്തതിനാൽ ഓൺലൈൻ തുടരുന്നതിൽ തടസമില്ല. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

വരുമോ ജെൻഡർ ഫ്രീ യൂണിഫോം?​

അടുത്ത അദ്ധ്യയന വർഷം ജില്ലയിലെ സ്കൂളുകളിൽ ലിംഗവ്യത്യാസമില്ലാത്ത യൂണിഫോം വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്ത് പല സ്കൂളുകളും മാതൃക കാണിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പാവാടയും പിനോഫറും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ജെൻഡർ ഫ്രീ യൂണിഫോമിനെ പ്രോത്സാഹിപ്പിക്കുന്നത്.

""

ക്രിസ്മസ് അവധി കൂടി കഴിഞ്ഞാൽ ലഭിക്കുന്നത് അറുപതോളം പ്രവൃത്തി ദിനങ്ങളാണ്. അതിനാൽ രക്ഷിതാക്കളെ സാമ്പത്തികമായി തളർത്തുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം.

രക്ഷിതാക്കൾ