ആലപ്പുഴ: പുറക്കാട്, തകഴി എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണം എച്ച് 5 എൻ 1 ഇൻഫ്ലുവൻസ് ഇനത്തിൽപ്പെട്ട വൈറസുകളാണെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ കൊല്ലാൻ (കള്ളിംഗ്) നടപടി തുടങ്ങി.
തകഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 9,086 പക്ഷികളെ നശിപ്പിച്ചു. മേഖലയിൽ രോഗം ബാധിച്ച പക്ഷികളെ കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം പരിശോധന തുടരുകയാണ്. പക്ഷികളുടെ തൂവലുകളും മറ്റ് അവിശിഷ്ടങ്ങളും നശിപ്പിക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തി.
രോഗബാധിത പ്രദേശത്തിന് ചുറ്റളവിലുള്ള താറാവ്, കോഴി, വളർത്തുപക്ഷികൾ, മുട്ടകൾ എന്നിവ നശിപ്പിച്ച ശേഷം അണുനശീകരണം നടത്തും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് 30 അംഗ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണാക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വാ പഞ്ചായത്തുകൾ, ഹരിപ്പാട് നഗരസഭ എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഇവിടേക്കും പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു.
'രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുന്നുണ്ട്. ഇന്നും നാളെയും നിരീക്ഷണം തുടരും. നിരവധി സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്".
- ഡോ. എ.ജി. ജിയോ,
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ