
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽ തരിശുരഹിത പാലമേൽ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രദേശത്ത് വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും വർഷങ്ങളായി കാടുകയറി കിടക്കുന്നതുമായ കരഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.
ഇത്തരത്തിൽ 66 ഏക്കറോളം സ്ഥലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി വ്യക്തികൾക്കും കർഷക ഗ്രൂപ്പുകൾക്കും കൃഷിയിറക്കാനായി വിട്ടുനൽകും. മറ്റപ്പള്ളി വാർഡിലെ കുളത്തുംതറയിൽ നടന്ന ചടങ്ങ് എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ പി. രാജശ്രീ പദ്ധതി വിശദീകരിച്ചു.
ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സുജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയഘോഷ്, അംഗങ്ങളായ ബി. അനിൽകുമാർ, ആർ. ശശി, രാജലക്ഷ്മി, ഐഷാബീവി, രതി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥ കവിത, കാർഷിക സമിതിയംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.