ആലപ്പുഴ: ഭാരതത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായ കാശിയുടെ വികസനത്തിലൂടെ ഭാരതത്തിന്റെ പൈതൃകം വീണ്ടെടുക്കുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു. പൂർത്തീകരിച്ച കാശി വിശ്വനാഥ ധാം സമർപ്പണം പ്രധാനമന്ത്രി 13ന് ഭാരതത്തിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന ദിവ്യ കാശി - ഭവ്യ കാശി പരിപാടിയുടെ വിജയത്തിനായി മണ്ഡലം പ്രസിഡന്റുമാരുടെയും ഇൻചാർജുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവ്യ കാശി - ഭവ്യ കാശി പരിപാടിയുടെ ജില്ലയിലെ ഇൻചാർജും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ജി. വിനോദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ.പി. ജയചന്ദ്രൻ, സഹ ഇൻചാർജും യുവമോർച്ച ജില്ലാ അദ്ധ്യക്ഷനുമായ അനീഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.