
അമ്പലപ്പുഴ: വഴിയില്ലാത്തതിനെ തുടർന്ന് സ്കൂളിൽ പോകാൻ നിവൃത്തിയില്ലാതിരുന്ന അഞ്ചാം ക്ളാസുകാരൻ പകർത്തിയ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തകഴി പഞ്ചായത്ത് പതിന്നാലാം വാർഡ് കല്ലേപ്പുറം ദീപ്തി ഭവനത്തിൽ ആദർശ് വിനോദാണ് (10) തന്റെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ - തകഴി റെയിൽപാതയിൽ തകഴി ലെവൽ ക്രോസിന് വടക്കാണ് ഇവരുടെ വീട്. റെയിൽപാത കടന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. എന്നാൽ ഇരട്ടപ്പാത വന്നതോടെ റെയിൽപാളം മുറിച്ചുകടക്കുകയെന്നത് ദുർഘടമായി. പ്രദേശത്ത് അഞ്ചുപേരാണ് റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചത്. പാളത്തിനരികിലെ ചതുപ്പിലൂടെ 30 മീറ്റർ നടന്നാൽ സമീപത്തെ ഇടറോഡിലെത്താനാവും. സമീപവാസി സ്ഥലം വിട്ടുകൊടുക്കാനും തയ്യാറാണ്. എന്നാൽ ചെളിക്കുണ്ടായ സ്ഥലം ഉയർത്തിയാലേ നടപ്പാത നിർമ്മിക്കാനാവൂ. പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബം ആറുവർഷത്തോളമായി റോഡിനായി പഞ്ചായത്തിൽ കയറിയിറങ്ങുകയാണ്. പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചപ്പോൾ പല ന്യായങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് ദീപ്തി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദർശ് വീഡിയോ പകർത്തിയത്.