മാന്നാർ: മാന്നാർ പഞ്ചായത്തിലെ ഔദ്യോഗിക വാഹനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. പ്രസിഡന്റ് തന്റെ സ്വകാര്യ യാത്രകൾക്ക് പഞ്ചായത്ത് വക വാഹനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗവും വിലയിരുത്തി. കഴിഞ്ഞദിവസം മാവേലിക്കര തെക്കേക്കര കളത്തട്ട് ജംഗ്ഷനിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഈ വാഹനം ഉപയോഗിച്ചതായി സുജിത് ആരോപിക്കുന്നു. പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളും യാത്രയ്ക്കായി വാഹനം ഉപയോഗിക്കുന്നുണ്ടെന്നും സുജിത് പരാതിയിൽ പറയുന്നു. ഔദ്യോഗിക വാഹനം മറ്റ് കരാര്യങ്ങൾക്കായി​ ഉപയോഗിച്ചാൽ വഴിയിൽ തടയുന്ന വിധത്തിലുള്ള പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നും പാർലമെന്ററി പാർട്ടി യോഗം മുന്നറിയിപ്പ് നൽകി. അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, ഷൈന നവാസ്, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ യോഗത്തിൽ സംസാരിച്ചു.