
മാന്നാർ: അര പവന്റെ കമ്മൽ തട്ടിയെടുക്കാൻ വൃദ്ധയായ വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ബന്ധുവായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.
നവംബർ 28 നാണ് ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സരസമ്മയെ (85) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളി കാരാഴ്മ കിഴക്ക് മുറിയിൽ ഇടയിലെ വീട്ടിൽ രജീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത് താമസിക്കുന്ന മരുമകൾ രാവിലെ കാപ്പിയുമായി എത്തിയപ്പോൾ സരസമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നായിരുന്നു ആദ്യ നിഗമനം. മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിൽ കഴുത്തിലെ ചെറിയ മുറിപ്പാടുകളും കമ്മലുകളും നഷ്ടപ്പെട്ടത് കണ്ടെത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്യസംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും ഉൾപ്പെടെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തു.
മാന്നാറിലെയും സമീപ പ്രദേശങ്ങളിലെയും സ്വർണക്കടകളും നിരീക്ഷിച്ചിരുന്നു. ചെന്നിത്തല കല്ലുംമൂട്ടിലെ കടയിൽ രണ്ടുപേർ സ്വർണം വിൽക്കാനെത്തിയ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് രജീഷ് കുറ്റം സമ്മതിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
രജീഷിന്റെ കിടപ്പുമുറിയിൽ നിന്ന് സരസമ്മയുടെ സ്വർണാഭരണങ്ങളും കഴുത്ത് വലിച്ചുമുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും പൊലീസ് കണ്ടെടുത്തു. രജീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജില്ലാ പൊലീസ് ചീഫ് ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ.ജോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.