ambala
അമ്പലപ്പുഴ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളേയും സ്വീകരിക്കുന്ന ചടങ്ങ് എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, എച്ച്.സലാം എം.എൽ.എ, ബോർഡംഗങ്ങളായ വി.എൻ. തങ്കപ്പൻ, മനോജ് ചരളേലിൻ എന്നിവർക്ക് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടിഞ്ഞാറെ നടയിൽ നിന്ന് സ്വീകരിച്ചാനയിച്ചു.

വിവിധ ക്ഷേത്രോപദേശ സമിതികൾ, അയ്യപ്പഭക്തസംഘം, വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങി നിരവധി പേർ സ്വീകരണം നൽകി. നടപ്പന്തലിൽ നടന്ന സമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രീയ കസർത്ത് കാട്ടാനുള്ള ഇടമായി ആരാധനാലയങ്ങളെ മാറ്റരുതെന്നും എം.എൽ.എ പറഞ്ഞു. വി.എൻ. തങ്കപ്പൻ അദ്ധ്യക്ഷനായി. അടുത്ത മണ്ഡലകാലം മുതൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് ശബരിമലയിൽ താമസ സൗകര്യമൊരുക്കുമെന്നും സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ചെമ്പകശേരി രാജകൊട്ടാരം പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയ്ക്കും സമ്മേളനത്തിൽ സ്വീകരണം നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, പഞ്ചായത്തംഗം സുഷമ രാജീവ്, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ആർ. ഗോപകുമാർ, സി. രാധാകൃഷ്ണൻ, സജു പാർത്ഥസാരഥി, കെ. ജയകുമാർ, എ. ഓമനക്കുട്ടൻ, ഇന്ദു കുമാരി എന്നിവർ സംസാരിച്ചു. ബി. ശ്രീകുമാർ സ്വാഗതം പറഞ്ഞു.