
ചെങ്ങന്നൂർ: പുരോഗമനപരമായ മുന്നേറ്റത്തിന്റെ ചാലക ശക്തിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ യൂണിയനിൽ 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച 1ാംമത് പെരിങ്ങാല ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ പ്രസക്തി കൂടുതൽ ശക്തിപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും വളർച്ചക്കും മുന്നേറ്റത്തിനും വേണ്ടി വാക്കിലും പ്രവർത്തിയിലും മാതൃകാപരമായി പ്രവർത്തിച്ച സന്യാസി വര്യനാണ് ശ്രീ നാരായണ ഗുരുദേവൻ. മാനവികതയാണ് ശ്രീനാരായണ ഗുരുവിന്റെ ആദർശം. നമുക്ക് ജാതിയില്ല എന്ന വിളംബരം ഏറെ ചർച്ച ചെയ്യപ്പെടണം. ജാതിയുടെ മതിൽക്കെട്ടുകൾക്കപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ മഹിമയെപ്പറ്റിയാണ് അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചത്. ശ്രീ നാരായണ ഗുരുവിന്റെ ജീവിതം പുതുതലമുറ പഠിക്കുകയും മാതൃകയാക്കുകയും ചെയ്യണം.
ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി നൂറ്റാണ്ടുകൾക്ക് മുൻപേ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചത് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരു സർവമത സമ്മേളനം നടത്തിയതിന്റെ നൂറാം വാർഷികം സർക്കാർ ഏറ്റെടുത്ത് വിപുലമായി ആചരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
യൂണിയൻ അഡ്.കമ്മറ്റി അംഗം അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, റീന അനിൽ, ശാഖാ വൈസ് പ്രസിഡന്റ് സുധീഷ്, സെക്രട്ടറി സുധാ വിജയൻഎന്നിവർ പ്രസംഗിച്ചു.യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് അരുൺ തമ്പി കൃതഞ്ജതയും പറഞ്ഞു.