കുട്ടനാട്: ക്ഷേത്രദർശനത്തിനായി വീടിന് പുറത്തേക്കിറങ്ങിയ വൃദ്ധയുടെ മാല പിടിച്ചുപറിച്ച ശേഷം കടന്നുകളഞ്ഞ ദമ്പതികളെ നാളുകൾക്ക് ശേഷം രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടാർ പഞ്ചായത്ത് മിത്രമഠം കോളിനിയിൽ ലെതിൻ ബാബു (33), ഭാര്യ സൂര്യമോൾ സോമൻ (26) എന്നിവരാണ് അറസ്റ്റിലായത്.
മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം ഇവർ തിരുവല്ല പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവം വെളിവാകുന്നത്. രാമങ്കരി പൊലീസ് ഇന്നലെ തിരുവല്ലയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ജനുവരിയിൽ മിത്രക്കരി കല്ലൂരടി വീട്ടിൽ രത്നമ്മയുടെ (85) മാലയാണ് ഇവർ കവർന്നത്.