vvh

ഹരിപ്പാട്: കുമാരപുരം എരിക്കാവ് (13-ാംവാർഡ്) പഴയചിറ കൊച്ചു കളത്തിൽ റിട്ട. ആർമി ജെ.സി.ഒ രവീന്ദ്രന്റെ വീട് കത്തിനശിച്ചു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അത്യാഹിതം. മൂന്ന് മുറികളും ഹാളും അടുക്കളയുമടങ്ങിയ ഓടിട്ട വീടാണ് കത്തിനശിച്ചത്. ഫർണിച്ചറുകൾ, ഫ്രിഡ്ജ്, അലമാര, എൽ.ഇ.ഡി ടിവി, എ.സി,​ തുണികൾ എന്നിവ കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.

സംഭവസമയത്ത് രവീന്ദ്രനും ഭാര്യ അജിയും ഇവരുടെ ഉടമസ്ഥതയിലുള്ള പഴയചിറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പ് സ്റ്റാളിലും മരുമകൾ പ്രസ്റ്റി സ്കൂളിലുമായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പുക ഉയരുന്നതുകണ്ട് അയൽവാസികളും തൊഴിലുറപ്പ് തൊഴിലാളികളുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഹരിപ്പാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ടി.സുരേഷ് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ പി.ജി. ദിലീപ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. വാഹന സൗകര്യം എത്താത്ത പ്രദേശമായതിനാൽ പ്രധാന റോഡിൽ നിന്ന് അര കിലോമീറ്റർ കാൽനടയായി വാട്ടർപമ്പുമായി എത്തിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. തൃക്കുന്നപ്പുഴ പൊലീസ്, കുമാരപുരം വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി.