fgh

ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടാൻ കഴിയുന്നുവെന്നത് എം.എൽ.എ എന്ന നിലയിൽ അഭിമാന നിമിഷങ്ങളാണെന്ന് രമേശ് ചെന്നിത്തല. മുൻ കേന്ദ്രമന്ത്രി എ.കെ.ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഐഡിയൽ ലാബ് കെട്ടിടത്തിന്റെയും കിഫ്ബി ഫണ്ടിൽ ഒരുകോടി രൂപ മുടക്കി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആയാപറമ്പ് സ്കൂളിന് രണ്ട് ബഡ്ജറ്റുകളിലായി അനുവദിപ്പിച്ച നാലുകോടി രൂപയുടെ കെട്ടിട നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആയാപറമ്പ് സ്കൂളിൾ നടന്ന ചടങ്ങിൽ ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ. ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.വി. സ്നേഹ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഡയറക്ടർ എ.കെ. പ്രസന്നൻ, ഹരിപ്പാട് എ.ഇ.ഒ കെ. ഗീത, പ്രിൻസിപ്പൽ കെ. ഈശ്വരൻ നമ്പൂതിരി, ഹെഡ്മിസ്ട്രസ് ശ്രീനി.ആർ. കൃഷ്ണൻ, ഡോ. ആർ. രഘുകുമാർ, വി. വിജീഷ് കുമാർ എന്നിവർ സംസാരിച്ചു.