ഹരിപ്പാട്: എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിലനിറുത്താൻ എം.എൽ.എ എന്ന നിലയിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട്, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ജനകീയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 300 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത വെള്ളാനയാണ് എൻ.ടി.പി.സി. കേന്ദ്രീയ വിദ്യാലയം നിലനിറുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സാധിക്കും. സ്‌കൂൾ നിലനിറുത്താൻ സ്‌പോൺസർഷിപ്പ് സംസ്ഥാന സർക്കാരോ കോന്ദ്രസർക്കാരോ ഏറ്റെടുക്കണം. അല്ലെങ്കിൽ 5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കേന്ദ്രീയ വിദ്യാലയത്തിന് നൽകിയാലും മതിയാകും. വിഷയത്തിൽ 28ന് തിരുവനന്തപുരത്ത് വീണ്ടും ചർച്ച നടത്തും. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് കത്ത് നൽകി. സ്‌കൂൾ നിലനിറുത്താൻ ഏതറ്റംവരെയും പോകുമെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ബാബുപ്രസാദ്, അഡ്വ. എം. ലിജു, എ.കെ. രാജൻ, കെ.എം. രാജു, എം.കെ. വിജയൻ, കെ.കെ. സുരേന്ദ്രനാഥ്, അഡ്വ. വി. ഷുക്കൂർ, എസ്. ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ്. വിനോദ്കുമാർ, ശ്രീദേവി രാജൻ, ജേക്കബ് തമ്പാൻ, എച്ച്. നിയാസ്, സുജിത്ത്.എസ് ചേപ്പാട്, പി.ജി. ശാന്തകുമാർ, സജിനി, വിഷ്ണു.ആർ ഹരിപ്പാട്, എം. ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.