അമ്പലപ്പുഴ: അശ്രദ്ധമായി ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് മൈൽക്കുറ്റിയിൽ തട്ടി ഡോർ തകർന്നു. അമ്പലപ്പുഴ കച്ചേരി മുക്കിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി തെക്കുഭാഗം ചേർത്ത് വരുന്നതിനിടെയാണ് മൈൽക്കുറ്റിയിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് ബസിന്റെ പിൻ ഭാഗത്തെ ഡോർ പൂർണമായും തകർന്നു. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റി വിട്ടു.