
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകർ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതീകാത്മകമായി നിക്ഷേപകന്റെ ശവപ്പെട്ടിയിൽ റീത്ത് വച്ചും സംസ്‌കാര ഗാനം ആലപിച്ചും പ്രതിഷേധിച്ചു. അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് അഞ്ചാം നാൾ എത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് വേറിട്ട സമരവുമായി രംഗത്തെത്തിയതെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. ബാങ്കിനുള്ള ആസ്തികൾ വലിയ ഏജൻസികൾക്ക് പണയം വച്ചുകൊണ്ട് നിക്ഷേപകരുടെ പണം കൊടുക്കാമെന്നും എന്നാൽ നിക്ഷേപകരോട് ഒട്ടും കൂറു പുലർത്താത്ത ഭരണ സമിതിയാണ് ബാങ്കിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. വി.ജി.രവീന്ദ്രൻ, വി.രവി, മോഹനൻ നമ്പൂതിരി, ബി.രവീന്ദ്രനാഥ്, ജി.സി.എസ്.ഉണ്ണിത്താൻ, എൻ.വിജയൻ, അഡ്വ.എം.വിനയൻ എന്നിവർ സംസാരിച്ചു. അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായി താലൂക്ക് സഹകരണ ബാങ്ക് ചെട്ടികുളങ്ങര ശാഖയിൽ നടന്ന സമരത്തിന് ടി.എൻ.പ്രഭാകരൻ പിള്ള, ശ്രീവത്സൻ, പ്രഭാ ബാബു, രമ, ജി.വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.