ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിലും ഇടറോഡുകളിലും വളർന്നിറങ്ങിയ കുറ്റിക്കാടുകൾ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കുറ്റിക്കാടുകളുടെ മറവിൽ കക്കൂസ് മാലിന്യവും വ്യാപകമായി തള്ളുന്നുണ്ട്. കലവൂർ, പുന്നപ്ര, കരൂർ, പുറക്കാട്, ഒറ്റപ്പന, തോട്ടപ്പള്ളി, കൊട്ടാരവളക്ക്, കന്നുകാലിപാലം, കരുവാറ്റ പവർഹൗസ്, താമല്ലാക്കൽ, ഡാണാപ്പടി എന്നിവിടങ്ങളിലാണ് കുറ്റിക്കാടുകൾ റോഡിലേക്ക് വളർന്നിറങ്ങിയിരിക്കുന്നത്.

കരൂർ മുതൽ കരീലക്കുങ്ങര വരെയുള്ള ദേശീയപാതയുടെ ഇരുവശവും വലിയതോതിലാണ് കാടുകൾ വളർന്നുനിൽക്കുന്നത്. അമ്പലപ്പുഴ - തിരുവല്ല റോഡ്, നവീകരണം നടക്കുന്ന എ - സി റോഡ്, പുളിങ്കുന്ന് - കാവാലം, എസ്.എൻ കവല - കഞ്ഞിപ്പാടം റോഡ്, തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡ്, ഡാണാപ്പടി - മുതുകളം റോഡുകളുടെ ഇരുവശവും കാടുകളാണ്.

നേരത്തെ വർഷം തോറും ദേശീയപാത നിരത്ത് വിഭാഗം കുറ്റിക്കാടുകൾ വെട്ടിമാറ്റിയിരുന്നു.

പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കുറ്റികാട് വെട്ടിമാറ്റാൻ തുടങ്ങിയതോടെ പൊതുമരാമത്ത് വകുപ്പ് പിൻവാങ്ങി. ഇപ്പോൾ ദേശീയപാത ആറുവരിപ്പാതയാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ ഇത്തരം പദ്ധതികൾക്ക് ദേശീയപാത അതോറിട്ടി ഫണ്ട് അനുവദിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ കാട് വെട്ടിമാറ്റൽ ഉപേക്ഷിച്ചതോടെ കാൽനട യാത്രക്കാർ റോഡിലേയ്ക്കിറങ്ങിയാണ് സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി

രാത്രിയുടെ മറവിൽ ടാങ്കർ ലോറികളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. പൂച്ചാക്കൽ, ദേശീയപാതയിൽ ചേർത്തല, അമ്പലപ്പുഴ, കായംകുളം, ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മാലിന്യനിക്ഷേപം പതിവായിരിക്കുന്നത്. ദേശീയപാതയിലുൾപ്പെടെ മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരുസ്ഥലത്ത് പതിവായി മാലിന്യം തള്ളിയാൽ നാട്ടുകാർ സംഘടിക്കുമെന്നതിനാൽ പല സ്ഥലങ്ങളിലായാണ് മാലിന്യം തള്ളുന്നത്. തോട്ടപ്പള്ളി പുത്തൻ പാലത്തിന് കിഴക്കും കരുവാറ്റ പൗവർഹൗസിന് പടിഞ്ഞാറും തോട്ടിലേക്ക് മിക്ക ദിവസവും മാലിന്യം തള്ളുന്നുണ്ട്. തോട്ടപ്പള്ളി, ഡാണാപ്പടി പാലങ്ങളുടെ അപ്രോച്ച് റോഡിൽ ഇറച്ചി മാലിന്യവും തള്ളുന്നുണ്ട്.

"

കാൽനട - വാഹന യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുകയാണ് കുറ്റിക്കാടുകൾ . തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കുറ്റിക്കാടുകൾ വെട്ടിമാറ്റിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണം. മാലിന്യം തള്ളുന്നത് തടയാൻ പൊലീസ് നടപടി സ്വീകരിക്കണം.

രാധാകൃഷ്ണൻ, വ്യാപാരി, ഹരിപ്പാട്