photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യോഗം കേന്ദ്ര വനിതാസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്താൻ പ്രവർത്തക യോഗം തീരുമാനിച്ചു. വനിതാജ്വാല-2022 എന്ന പേരിൽ ഫെബ്രുവരി 5 നാണ് സമ്മേളനം.

യോഗത്തിനെതിരെയുള്ള തെ​റ്റായ പ്രചാരണങ്ങൾ നേരിടാൻ വനിതാസംഘം പ്രവർത്തകർ സജ്ജരാകണമെന്നും സംഘടനാ പ്രവർത്തനങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ നിർവഹിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മേഖലായോഗങ്ങൾ നടത്താനും തീരുമാനിച്ചു. സമ്മേളന നടത്തിപ്പിനായി ജില്ലാ തലത്തിൽ ജോയിന്റ് സെക്രട്ടറിമാരെ നിയമിച്ചു. വനിതാസംഘം കേന്ദ്രസമിതിയിലേക്ക് ഇരിട്ടിയിൽ നിന്ന് നിർമ്മലാ അനിരുദ്ധനെയും ചേർത്തലയിൽ നിന്ന് തുളസീഭായിയെയും നോമിനേ​റ്റ് ചെയ്തു. ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന യോഗത്തിൽ വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യസന്ദേശം നൽകി. യോഗം കൗൺസിലറും വനിതാസംഘം കോ ഓർഡിനേ​റ്ററുമായ ബേബിറാം, കേന്ദ്ര വനിതാസംഘം ഭാരവാഹികളായ ഗീതാ മധു, പി.എൻ. രാധാമണി, ഷൈലജ രവീന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സ്വാഗതവും യോഗം കൗൺസിലറും വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഇ.എസ്. ഷീബ നന്ദിയും പറഞ്ഞു.

ജോ. സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടവരും ജില്ലാ ചാർജും

ഗീതാ മധു (തിരുവനന്തപുരം), വനജ വിദ്യാധരൻ (കൊല്ലം), സരള പുരുഷോത്തമൻ (പത്തനംതിട്ട), ശൈലജ രവീന്ദ്രൻ (കോട്ടയം), സി.കെ. വത്സല, സ്മിത ഉല്ലാസ് (ഇടുക്കി), സിന്ധു അജയകുമാർ (ആലപ്പുഴ), ലത ഗോപാലകൃഷ്ണൻ (എറണാകുളം), പി.ബി. ഇന്ദിരാദേവി (തൃശൂർ), രേഷ്മ രഘു (പാലക്കാട്), പി.എൻ. രാധാമണി (മലപ്പുറം), സലീല ഗോപിനാഥ് (കോഴിക്കോട്), റോഹന ബിജു (വയനാട്), ടി.പി. ചന്ദ്രമതി (കണ്ണൂർ), ശാന്താ കൃഷ്ണൻ (കാസർകോട്).