
ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റി ബയോട്ടിക്ക് ഇൻജക്ഷനെടുത്ത പതിന്നാല് കുട്ടികൾക്ക് വിറയലും കഠിനചൂടും ഛർദ്ദിയും അനുഭവപ്പെട്ട സംഭവത്തിൽ മരുന്നിന്റെ സാമ്പിൾ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ആശ പറഞ്ഞു. ആന്റിബയോട്ടിക് മരുന്ന് ബാച്ചിന്റെ സാമ്പിൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് പരിശോധനയ്ക്ക് കൈമാറിയത്. ഒന്നിലേറെപേർക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാൽ മരുന്ന് തന്നെയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. പ്രശ്‌നമുണ്ടായപ്പോൾ തന്നെ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചതിനാൽ ആരുടെയും നില വഷളായില്ല. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ആന്റി ബയോട്ടിക്ക് ഇൻജക്ഷൻ നൽകിയത്. അസ്വസ്ഥത മാറിയതിനാൽ കുട്ടികളെ ഡിസ്ചാർജ് ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിതരണം ചെയ്തതാണ് മരുന്ന്. ഈ ബാച്ചിലെ മരുന്നിന്റെ ഉപയോഗം നിറുത്തിവച്ചു.