
ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് ചത്തിയറ വാർഡിലും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.
കഴിഞ്ഞ രാത്രിയിലായിരുന്നു കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ കയറി കർഷകർക്ക് നാശനഷ്ടമുണ്ടാക്കിയത്.
ചത്തിയറ വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗ്രൂപ്പായി കൃഷി ചെയ്തിരുന്ന വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയാണ് നശിപ്പിച്ചത്.
കൂടാതെ കാർത്തിക ഭവനം അനീഷിന്റെയടക്കം വ്യക്തികളുടെ പുരയിടങ്ങളിലും പന്നികൾ നാശം വിതച്ചു.
അനീഷിന്റെ കൃഷിയിടത്തിൽ വിളവെടുപ്പിന് പാകമായി വരുന്ന ഏത്തവാഴകളുടെ ചുവടുകളാണ് കുത്തിമറിച്ചിരിക്കുന്നത്. ഇവരുടെ മരച്ചീനിയും മറ്റു കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശം കാടു കയറി കിടക്കുന്നത് മൂലം കാട്ടുപന്നികൾക്ക് തമ്പടിക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ അധികൃതരും ഗ്രാമ പഞ്ചായത്തും ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.